Kerala
തിരുവനന്തപുരം: ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തുന്ന ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയിൽ കേരളത്തിൽനിന്നുള്ള വിസിമാർ പങ്കെടുത്ത സംഭവത്തിൽ വിമർശനവുമായി ഉന്നതവിദ്യാഭ്യാസമന്ത്രി ആര്.ബിന്ദു. അക്കാദമിക് സ്വാതന്ത്ര്യത്തെ കാവിത്തൊഴുത്തില്‍ കെട്ടാന്‍ വിസിമാര്‍ കൂട്ടുനിന്നു. ഇവര്‍ക്ക് ഭാവിയില്‍ തലകുമ്പിട്ട് നില്‍ക്കേണ്ടി വരുമെന്ന് മന്ത്രി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സര്‍വകലാശാലകളെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അണിയറകളാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ അന്ധകാര യുഗത്തിലേക്ക് നയിക്കാനുള്ള ശ്രമമാണിതെന്നും മന്ത്രി വിമർശിച്ചു.
ആര്‍എസ്എസിന്റെ വിദ്യാഭ്യാസ സമ്മേളനത്തില്‍ സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും വിമര്‍ശനം മുഖവിലയ്ക്കെടുക്കാതെ കേരളത്തിലെ നാല് വൈസ് ചാന്‍സിലര്‍മാര്‍ പങ്കെടുത്തിരുന്നു. ആരോഗ്യസര്‍വകലാശാല വൈസ് ചാന്‍സിലര്‍ മോഹനന് കുന്നുമ്മല്‍, കാലിക്കറ്റ് സര്‍വകലാശാല വിസി പി.രവീന്ദ്രന്, കുഫോസ് വിസി എ .ബിജുകുമാര്‍, കണ്ണൂര്‍ വിസി കെ.കെ.സാജു എന്നിവരാണ് പങ്കെടുത്തത്.
Kerala
തിരുവനന്തപുരം: എല്ലാ കുട്ടികൾക്കും നീതി ലഭിക്കണമെന്ന കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണ് കീം റാങ്ക് നിർണയത്തിൽ മാറ്റങ്ങൾ വരുത്താൻ സർക്കാർ തീരുമാനിച്ചതെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആർ ബിന്ദു. തന്റേതല്ലാത്ത കുറ്റം കൊണ്ട് ഒരു വിദ്യാർഥിക്കും നഷ്ടങ്ങൾ ഉണ്ടാകരുതെന്ന് കരുതി ചെയ്തതാണെന്നും മന്ത്രി പറഞ്ഞു.
പരീക്ഷയിൽ മുഴുവൻ മാർക്ക് സ്കോർ ചെയ്താലും കേരള സിലബസിലുള്ള കുട്ടികൾക്ക് 35 മാർക്ക് മാത്രമേ കിട്ടു. ഒരുപാട് കുട്ടികളെ ബാധിക്കുന്ന വിഷയമാണിത്. ഇപ്പോഴും അതേ നിലപാടാണ് തന്നെയാണ് സർക്കാരിനുള്ളത്. ഈ പ്രശ്നം പരിഹരിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ശാസ്ത്രീയം എന്ന് പറയാവുന്ന ഫോർമുലയെ അവലംബിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം കേരള സിലബസിലുള്ള കുട്ടികൾക്ക് 35 മാർക്കിന്റെ കുറവുണ്ടായി. അത് അനീതി തന്നെയാണ്. എന്നാൽ ഹൈക്കോടതി വിധി വന്ന സാഹചര്യത്തിൽ അഡ്മിഷൻ പ്രക്രിയ വൈകാൻ പാടില്ല എന്നതിനാലാണ് പഴയ മാനദണ്ഡം അനുസരിച്ച് റാങ്ക് ലിസ്റ്റ് പുറത്തുവിട്ടത്. സർക്കാരിന് എത് സമയത്തും നിബന്ധനകളിൽ മാറ്റംവരുത്താം. കോടതി വിധി പരീക്ഷയെ ബാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Kerala
തോമസ് വർഗീസ്
തിരുവനന്തപുരം: സെനറ്റ് ഹാളിലെ ഭാരതാംബ ചിത്ര വിവാദത്തിനു പിന്നാലെ ഉന്നത വിദ്യാഭ്യാസ മന്ത്രിയും കേരള സർവകലാശാല വൈസ് ചാൻസലറും തുറന്ന പോരിലേക്ക്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പങ്കെടുത്ത ചടങ്ങിലെ ഭാരതാംബ ചിത്ര വിവാദത്തിനു പിന്നാലെ ഉണ്ടായ സംഘർഷത്തിൽ സർവകലാശാല രജിസ്ട്രാർക്കെതിരേ വൈസ് ചാൻസലർ രാജ്ഭവനു റിപ്പോർട്ട് നല്‍കിയതോടെയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലുമായുള്ള പോര് രൂക്ഷമായത്.
വിസിക്കെതിരേ ഉന്നത വിദ്യാഭ്യാസ മന്ത്രി ഇന്നലെ തുറന്നടിച്ചു. വൈസ് ചാൻസലർ ആർഎസ്എസ് അനുഭാവം പലവട്ടം സ്വീകരിച്ചതാണെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സർവകലാശാല രജിസ്ട്രാർക്കെതിരേ സ്വീകരിച്ച നടപടിയെന്നുമാണ് മന്ത്രിയുടെ പ്രതികരണം.
സെനറ്റ് ഹാളിൽ നടന്ന സംഭവത്തിൽ പരാതി കിട്ടിയപ്പോൾ നടപടി എടുത്ത രജിസ്ട്രാർക്കെതിരേയാണ് വിസി നിലകൊണ്ടതെന്ന ആരോപണമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുന്നത്. ഇതോടെ കേരള സർവകലാശാല ഭരണം വിസിയും ഗവർണറും ഒരു വശത്തും ഉന്നത വിദ്യാഭ്യാസമന്ത്രിയും രജിസ്ട്രാറും മറുവശത്തും നിന്നുള്ള ഏറ്റുമുട്ടലുകളിലേക്കാണ് നീങ്ങുന്നത്.
സെനറ്റ് ഹാളിലെ ഭാരതാംബ ചിത്രവിവാദവും തുടർന്നുള്ള സംഘർഷവും സംബന്ധിച്ച് രജിസ്ട്രാറുടെ നടപടികളെക്കുറിച്ച് അന്വേഷണത്തിന് വിസി കഴിഞ്ഞ ദിവസം ശിപാർശ ചെയ്തിരുന്നു. രജിസ്ട്രാർക്കെതിരേ രൂക്ഷമായ പരാമർശങ്ങളടങ്ങിയ റിപ്പോർട്ടാണ് വിസി ചാൻസലർ കൂടിയായ ഗവർണർക്ക് കൈമാറിയത്. ചടങ്ങ് അട്ടിമറിക്കാൻ ചില സിൻഡിക്കറ്റ് അംഗങ്ങളുടെ സ്വാധീനത്തിൽ രജിസ്ട്രാർ പ്രവർത്തിച്ചുവെന്ന സംഘാടകരായ ശ്രീ പത്മനാഭ സേവാ സമിതിയുടെ ആരോപണവും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. സർവകലാശാലയുടെ ആഭ്യന്തര അന്വേഷണം മാത്രം പോരാ, ബാഹ്യമായ അന്വേഷണവും ആവശ്യമാണെന്ന് വിസി രാജ്ഭവന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
ഇതിനു പിന്നാലെയാണ് വിസിയുടെ നിലപാടിനെ പരസ്യമായി ചോദ്യം ചെയ്ത് ഉന്നത വിദ്യാഭ്യാസമന്ത്രിതന്നെ രംഗത്തെത്തിയത്. വിസിയുടെ ആർഎസ്എസ് ആഭിമുഖ്യമാണ് സർക്കാർ പ്രധാനമായും ചർച്ചാവിഷയമാക്കുന്നത്. വരുംദിവസങ്ങളിൽ ഇത് രൂക്ഷമാകാനുള്ള സാധ്യതയുമുണ്ട്. ഭാരതാംബ ചിത്ര വിവാദത്തിൽ ഗവർണർക്കെതിരേ എസ്എഫ്ഐയും ഗവർണർക്കു പിന്തുണയുമായി എബിവിപിയും തെരുവിൽ അണിനിരന്നിരുന്നു. ഇരുവിഭാഗവും തമ്മിൽ ചില സ്ഥലങ്ങളിൽ സംഘർഷവും ഉണ്ടായി. മന്ത്രി നേരിട്ട് വിസിയെ രൂക്ഷമായി വിമർശിച്ച് രംഗത്തു വന്നതോടെ വരും ദിവസങ്ങളിൽ സെനറ്റിലെ ഭാരതാംബ ചിത്രവിവാദം കൂടുതൽ കടുക്കുമെന്നുറപ്പ്.